2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

എം.എ മലയാളം കോഴ്സ് ഉദ്ഘാടനം

അദ്ധ്യാപകർ കാലത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളണം: ഡോ.ബാബു സെബാസ്റ്റ്യൻ 

 കോഴഞ്ചേരി:കാലത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് സ്വയം നവീകരിക്കുകയും വിദ്യാർത്ഥി സമൂഹത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകരെയാണ് പുതിയകാലം ആവശ്യപ്പെടുന്ന തെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ . ഉന്നതവിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ സാങ്കേതികതയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നാം തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷയും സാഹിത്യവും പഠിക്കുന്നതിലൂടെ നാടിന്റെ സാംസ്കാരികസ്വത്വത്തെ നാം തിരിച്ചറിയുക കൂടിയാണു ചെയ്യുന്നത്.കോഴഞ്ചേരി സെന്റ്. തോമസ് കോളെജിൽ പുതിയതായി ആരംഭിച്ച എം.എ.മലയാളം കോഴ്സിന്റെ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയാ‍യിരുന്നു അദ്ദേഹം.    
 
          കോഴഞ്ചേരി സെന്റ് തോമസ് കോളെജിൽ പുതിയതായി ആരംഭിച്ച എം.എ മലയാളം കോഴ്സിന്റെ    ഉദ്ഘാടനം    അഡ്വ.കെ.ശിവദാ‍സൻ നായർ  എം.എൽ.എ നിർവ്വഹിക്കുന്നു.

ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കേണ്ടതുണ്ടെന്നും സമൂഹ പരിവർത്തനമാകണം അതു ലക്ഷ്യംവയ്ക്കേണ്ടതെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
എം.എ മലയാളം കോഴ്സിന്റെ ഉദ്ഘാടനം അഡ്വ.കെ.ശിവദാസൻ നായർ എം.എൽ.എ നിർവ്വഹിച്ചു.ഗവേഷണ ബിരുദങ്ങൾ സമ്പാദിച്ചതുകൊണ്ട് ആരും നല്ല അദ്ധ്യാപകരായി മാറുന്നില്ലെന്ന് എം.എൽ.എ നിരീക്ഷിച്ചു.കഴിഞ്ഞ തലമുറയിലെ അദ്ധ്യാപകശ്രേഷ്ഠന്മാർ വിദ്യാ‍ർത്ഥികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നത് ആഴമേറിയ വായനയും പാണ്ഡിത്യവും അവർക്കു കൈമുതലായി ഉണ്ടായിരുന്നതിനാലാണ്.ഗവേഷണബിരുദധാരികൾ ഏറെയുണ്ടെ ങ്കിലും അദ്ധ്യാപനചാതുരിയും വായനാശീലവും ഉള്ളവരുടെ അഭാവമാണ് പുതിയകാലത്തു നാം അഭിമുഖീകരിക്കുന്ന  പ്രതിസന്ധിയെന്ന് എം.എൽ.എ വ്യക്തമാക്കി.

    എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു.

1967 ൽ ആരംഭിച്ച മലയാളവിഭാഗത്തിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത പൊന്നാടയണിയിച്ച് ആദരിച്ചു.പ്രിൻസിപ്പൽ ഡോ.റോയ്സ് മല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി.ഡോ.സജി ചാക്കോ,ഡോ.തോമസ് ജോൺ, ഡോ.സാറാമ്മ വർഗീസ്,പ്രൊഫ.പി.എം.തോമസ് എന്നിവർ പ്രസംഗിച്ചു.

 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ